ആൽഫ ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ മികച്ച ഫലപ്രാപ്തി നൽകുന്നതായി അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്‌സിനായ കൊവാക്സിൻ കൊറോണയുടെ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന് പഠനം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) നടത്തിയ പഠനത്തിനാണ് മികച്ച ഫലപ്രാപ്തി കണ്ടെത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ആണ് കൊവാക്‌സിന്റെ നിർമ്മാതാക്കൾ.
കൊവാക്‌സിൻ സ്വീകരിച്ചവരുടെ ബ്ലഡ് സെറം ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഈ പഠനം അനുസരിച്ച് കൊവാക്‌സിൻ സ്വീകരിച്ച ആളുകളുടെ ശരീരത്തിൽ b.1.1.7(ആൽഫ) b.1.617(ഡെൽറ്റ) എന്നീ കൊറോണ വകഭേദങ്ങൾക്കെതിരായ അന്റിബോഡി ഉത്പാദിപ്പിച്ചുവെന്നും കണ്ടെത്തി. പുതിയ പഠനം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് ശക്തി പകരുന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
ഇതുവരെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 മില്യൺ ആളുകൾ കൊവാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിച്ചേക്കുമെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോൾ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

