ബൂ​ത്തു​ക​ളാ​യി ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ളു​ക​ൾ​ക്ക് സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ഹ​രി​ക്കണം


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ മതിലുകളിലും ക്ലാസ്മുറികളിലും വരച്ചു ചേർത്തിരുന്ന ആമയുടേയും മുയലിന്‍റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ തെരഞ്ഞെടുപ്പിന്‍റെ അറിയിപ്പുകൾ പതിപ്പിച്ച് നശിപ്പിക്കുകയും മനോഹരമായി പെയിന്‍റടിച്ചിരുന്ന സ്‌കൂൾ ഭിത്തികളിൽ പെയിന്‍റ് കൊണ്ട് ബൂത്ത് വിവരങ്ങൾ സ്ഥിരമായി എഴുതി വികൃതമാക്കുകയും ചെയ്തു എന്ന് ആരോപിച്ച് കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ഗവ എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി ബി.എസ് സമർപ്പിച്ച പരാതിയുടേയും പത്രവാർത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, റെനി ആന്‍റണി എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 

പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളിൽ ഇത്തരം സ്‌കൂളുകളിൽ പരിശോധന നടത്തി കേടുപാടുകളുടെ മൂൽയം നിർണ്ണയിക്കണം.  പരിശോധന നടത്തുന്ന വിവരം 15 ദിവസത്തിനു മുന്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും കമ്മീഷന്‍റെ ഉദ്യോഗസ്ഥർ ഇതിനോട് സഹകരിക്കുന്നില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ നഷ്ടപരിഹാരം തിട്ടപ്പെടുത്തുകയും വേണം. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുക തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. നശിപ്പിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ചിത്രങ്ങളും ചുമരെഴുത്തുകളും ഈ തുക ഉപയോഗിച്ച് പുനരാവിഷ്‌ക്കരിച്ച് സ്‌കൂളുകളിൽ ശിശുസൗഹൃദ അന്തരീക്ഷം നിലനിർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ബോധപൂർവം പിഴവ് വരുത്തിയിട്ടുണ്ടെങ്കിൽ തുക അവരിൽ നിന്നും ഈടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed