85 കാരിയായ അമ്മയ്ക്ക് കൊറോണയാണെന്ന് ഭയന്ന് മകൻ റോഡിൽ ഉപേക്ഷിച്ചു

കൊച്ചി: 85 കാരിയായ അമ്മയ്ക്ക് പനി ബാധിച്ചതോടെ കൊറോണയാണെന്ന് ഭയന്ന് മകൻ റോഡിൽ ഉപേക്ഷിച്ചു. തൊടുപുഴ ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡായ തൊണ്ടിക്കുഴിയിലാണ് സംഭവം.
മകനൊപ്പമായിരുന്നു വൃദ്ധ താമസിച്ചിരുന്നത്. ഈ മകന് കൊറോണ സ്ഥിരീകരിച്ചതോടെ വൃദ്ധയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റി. എന്നാൽ ഈ മകൻ വൃദ്ധയെ തൊണ്ടിക്കുഴിയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. മകളുടെ വീട്ടിൽ എത്തിക്കാതെ വൃദ്ധയെ വഴിയിലാണ് മകൻ ഇറക്കി വിട്ടത്.
പനിയും , ശാരീരിക അവശതകളും മൂലം വഴിയിൽ വീണ് പരിക്കേറ്റെങ്കിലും ഇവർ മകളുടെ വീട്ടിലെത്തിയിരുന്നു. അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് ആശാ പ്രവർത്തക നിജയും പഞ്ചായത്തംഗം സുബൈദ അനസും ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ റിയാസും സ്ഥലത്തെത്തി. സ്വകാര്യ ആവശ്യത്തിനായി പുറത്ത് പോയിരുന്ന മകളും അപ്പോഴേക്കും എത്തിയിരുന്നു.
തുടർന്ന് വൃദ്ധയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ സഹായം നൽകി. ശേഷം ആദ്യം താമസിച്ചിരുന്ന വീട്ടിൽ തന്നെ മടക്കിയെത്തിച്ചു. അടുത്ത ദിവസം ഇവരെ കൊറോണ പരിശോധനയ്ക്ക് വിധേയയാക്കും. മകനെതിരെ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ തൊടുപുഴ സി.ഐയ്ക്ക് പരാതി നൽകിയിട്ടുണ്ട്.