വി.വി പ്രകാശിന്‍റെ വിയോഗം: അനുശോചിച്ച് രാഷ്ട്രീയ കേരളം


 

തിരുവനന്തപുരം: നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വിവി പ്രകാശിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് തനിക്കെന്ന് ചെന്നിത്തല പറഞ്ഞു. നിലന്പൂരിൽ യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിന് വിട പറയേണ്ടി വന്നെന്നത് വളരെ ദുഖകരമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വിവി പ്രകാശിന്‍റെ മരണത്തില്‍ അനുശോചിച്ചു.
കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ എന്ന നിലയിൽ വിവി പ്രകാശ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്വാര്‍ത്ഥ താല്‍പ്പര്യമില്ലാത്ത നേതാവെന്ന് ഇ ടി മുഹമ്മദ് ബഷീറും യുഡിഎഫിന് കനത്ത നഷ്ടമെന്ന് സാദിഖ് അലി ശിഹാബ് തങ്ങളും പറഞ്ഞു. തീരാ നഷ്ടമെന്നായിരുന്നു പി ജെ ജോസഫിന്‍റെ പ്രതികരണം.
വിവി പ്രകാശ് ആദര്‍ശ ദീപ്തമായ ജീവിതത്തിന് ഉടമയെന്ന് മുല്ലപ്പള്ളിയും രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു വിവി പ്രകാശെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു.
നിലന്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറും വിവി പ്രകാശിന്‍റെ മരണത്തില്‍ അനുശോചിച്ചു. അവിശ്വസനീയമെന്നും പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്നുമായിരുന്നു പി വി അന്‍വറിന്‍റെ അനുശോചനം.

You might also like

Most Viewed