തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയവരും വോട്ടർമാരും കൊറോണ ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്റ്റ് നടത്തണം; ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കൊറോണ അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കൽ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയർന്ന് 3500 കഴിഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാൽ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിർണായകമാണ്. ഈ സാഹചര്യം മുന്നിൽ കണ്ട് എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്.
സംസ്ഥാനത്ത് കൊറോണ വർദ്‍ധിക്കുന്ന സാഹചര്യത്തിൽ ബാക് ടു ബേസിക്‌സ് കാന്പയിൻ ശക്തിപ്പെടുത്തി വരുന്നു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് പ്രതിരോധത്തിൽ ആദ്യം പഠിച്ച പാഠങ്ങൾ വീണ്ടുമോർക്കണം. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നൽകുന്ന സുരക്ഷ പരമ പ്രധാനമാണ്. അതിനാൽ പൊതുസ്ഥലത്ത് തന്നെ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. കോവിഡിന്റെ അണുക്കളെ നശിപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസർ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്.
അതേസമയം പ്രതിദിന കോവിഡ് പരിശോധനകൾ വർദ്‍ധിപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആർടിപിസിആർ പരിശോധനയും വർദ്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആർടിപിസിആർ പരിശോധന ഉൾപ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവരുടെ ഒരാഴ്ച ക്വാറന്റൈനും നിർബന്ധമാക്കിയിട്ടുണ്ട്.
സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേർക്കുമാത്രമേ കൊറോണ വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകൾക്കും കോവിഡ് വന്നിട്ടില്ലാത്തതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവർ കഴിയുന്നതും വേഗത്തിൽ വാക്‌സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേർ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേർ രണ്ടാം വാക്‌സിനും ഉൾപ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്.
തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും വോട്ടിടാൻ പോയ പൊതുജനങ്ങൾക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും വേഗം കൊറോണ പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും കൊറോണ ബാധിച്ചാൽ സങ്കീർണമാകും. അതിനാൽ തന്നെ ബാക് ടു ബേസിക്‌സ് കാന്പയിൻ എല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

