ബിജെപിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി.നസീർ
കണ്ണൂർ: ബിജെപിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി.നസീർ. പ്രഖ്യാപിച്ചതല്ലാതെ ബിജെപിയുടെ പിന്തുണ പ്രചാരണങ്ങളിലൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നസീർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ മറ്റൊരു ചർച്ചയും നടന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നൽകിയിട്ടില്ല. അതിനാൽ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് നസീർ കൂട്ടിച്ചേർത്തു. തടിയൂരാൻ വേണ്ടിയാണ് ബിജെപി തനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്‍റെ പാർട്ടിയും ഉയർത്തിപ്പിടിക്കുന്നതെന്നും അത് വർഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നസീർ വ്യക്തമാക്കി.

