ആർടിപിസിആർ പരിശോധനയ്‌ക്ക് ഇനി 1700 രൂപ നൽകണം: നിരക്കു കൂട്ടി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വർദ്ധിപ്പിച്ചു. ആർടിപിസിആർ പരിശോധനയുടെ വില 1500ൽ നിന്ന് 1700 ആയാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. ആർടിപിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനർനിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്‌സ്‌പെർട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്. ഒഡീഷയാണ് രാജ്യത്ത് ആർടിപിസിആർ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയിൽ പരിശോധനാ നിരക്ക്. ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കൊവിഡ് പരിശോധനാ നിരക്ക് കുറച്ചിരുന്നു.
