ലൈഫ് മിഷൻ കോഴ: എം. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്


 

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്. സ്വപ്‌നയും സരിത്തും സന്ദീപും യൂണിടാക്കും സെ‌യ്‌ൻ വെഞ്ചേഴ്‌സും കേസിലെ മറ്റ് പ്രതികളാണ്. ലൈഫ് മിഷൻ സിഇഒ യു.വി ജോസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതിയാക്കിയത്.
യു.വി ജോസ് ലൈഫ്‌മിഷൻ സി ഇ ഒയാവുന്നതിന് മുമ്പ് ആ പദവിയിലിരുന്ന ശിവശങ്കർ, അതീവരഹസ്യമായും തന്ത്രപരമായും നടത്തിയ ഇടപാടിൽ മറ്റ് ഉദ്യോഗസ്ഥർ പെട്ടുപോയെന്നാണ് വിജിലൻസ് കരുതുന്നത്. 2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. തലേന്ന് വൈകിട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.കെ ജോസ് വിവരമറിഞ്ഞത്. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ച് നൽകിയെന്ന് ശിവശങ്കറാണ് അറിയിച്ചത്. ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെയും വിവരമറിയിച്ചത് ശിവശങ്കറാണ്.
ഇരുപതു കോടിയുടെ ഭവനനിർമ്മാണത്തിന് സന്നദ്ധരായി റെഡ്ക്രസന്റ് എത്തിയിട്ടുണ്ടെന്നും പിറ്റേന്ന് ധാരണാപത്രം ഒപ്പിടണമെന്നുമായിരുന്നു ടി.കെ ജോസിനെ ശിവശങ്കർ അറിയിച്ചത്. ഇതുപ്രകാരമാണ് ജൂലൈ 11ന് രാവിലെ ലൈഫ് മിഷൻ സിഇഒ യു.വി ജോസിന്, ടി.കെ ജോസ് കുറിപ്പ് കൈമാറിയത്. അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്നായിരുന്നു നിർദേശം. ധാരണാപത്രം റെഡ്ക്രസന്റ് കൈമാറിയതാണെന്ന വിവരമുളളത് ഈ കുറിപ്പിലാണ്. ലൈഫ് മിഷന് വേണ്ടി നിരവധി ഓഫറുകൾ കൊണ്ടുവന്ന ശിവശങ്കർ പുനരുപയോഗിക്കാവുന്ന അസംസ്‌കൃത വസ്‌തുക്കളുടെ (പ്രീഫാബ്) സാങ്കേതികവിദ്യയിൽ എല്ലാജില്ലയിലും ഓരോ മാതൃകാകെട്ടിട സമുച്ചയം പണിയാൻ അനുമതി നേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed