ഐഫോൺ വിവാദം; രമേശ് ചെന്നിത്തല യൂണിടാക്ക് എംഡിക്ക് വക്കീൽ നോട്ടീസയച്ചു

തിരുവനന്തപുരം: ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല നിയമ നടപടി സ്വീകരിച്ചത്. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് നോട്ടീസിൽ പറയുന്നു.
മാപ്പ് പറഞ്ഞുകൊണ്ടുള്ള പ്രസ്താവന കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലെങ്കിലും പ്രസിദ്ധീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു. അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വക്കീൽ നോട്ടീസിൽ വ്യക്തമാക്കി.
അതേസമയം, ഐഫോൺ ആരോപണം സന്തോഷ് ഈപ്പനെക്കൊണ്ട് പറയിപ്പിച്ചത് സിപിഐഎമ്മാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് സന്തോഷിന്റെ ശ്രമം. സിപിഐഎമ്മിനെ പ്രീതിപ്പെടുത്തുന്നത് ഇതിനാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.