വിനയനെതിരായി ഫെഫ്ക നൽകിയ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: സംവിധായകൻ വിനയന്‍റെ വിലക്കുമായി ബന്ധപ്പെട്ട കേസിൽ ഫെഫ്കയ്ക്ക് വീണ്ടും തിരിച്ചടി. വിനയന് ഫെഫ്ക 81,000 രൂപ പിഴയൊടുക്കണമെന്ന നാഷണൽ കന്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പിഴത്തുക കുറയ്ക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെയാണ് സുപ്രീംകോടതി നടപടി. ജസ്റ്റീസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഫെഫ്കയുടെ ഹർജി പരിഗണിച്ചത്. വിലക്ക് നീക്കയതും പിഴയും ചോദ്യം ചെയ്തായിരുന്നു ഫെഫ്ക സുപ്രീംകോടതിയിൽ എത്തിയത്.
ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രൂപീകരിച്ച ഫെഫ്ക ഒരു തൊഴിലാളി സംഘടനയാണെന്നും ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കേണ്ടത് ലേബർ കോടതിയാണെന്നുമായിരുന്നു സുപ്രീംകോടതിയിലെ വാദം. ഇത്തരം വിഷയങ്ങളിൽ കന്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണൽ ഇടപെടുന്നത് തൊഴിലാളി സംഘടനകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഫെഫ്ക വാദിച്ചെങ്കിലും സുപ്രീംകോടതി തള്ളി.
വിലക്കിനെതിരെ വിനയൻ സമർപ്പിച്ച ഹർജിയിൽ ഫെഫ്കയ്ക്ക് പുറമേ താരസംഘടനയായ അമ്മയ്ക്കും ട്രൈബ്യൂണൽ നാല് ലക്ഷം രൂപ പിഴയൊടുക്കിയിരുന്നു. എന്നാൽ വിധിക്കെതിരെ ഫെഫ്ക മാത്രമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
