ഭാഗ്യലക്ഷ്മിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് എതിരെ പൊലീസ് കേസെടുത്തു. സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേലാണ് നടപടി. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്.
തന്പാനൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സംഭവത്തിൽ നേരത്തെ വിജയ് പി നായർക്ക് എതിരെ കേസ് എടുത്തിരുന്നു.
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പിനായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തു.
