ചങ്ങനാശ്ശേരി എം.എൽ.എ സി.എഫ് തോമസ് അന്തരിച്ചു
കോട്ടയം: കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം . കേരളാ കോൺഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്നു സിഎഫ് തോമസ് . 81 വയസ്സുണ്ട്.
1980 മുതൽ ചങ്ങനാശ്ശേരി എംഎൽഎയാണ് സിഎഫ് തോമസ്. 9 തവണയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് സിഎഫ് തോമസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം വിവാദങ്ങളിൽ കക്ഷി ചേരാത്ത ജന പ്രതിനിധി എന്നിങ്ങനെയാണ് കേരള രാഷ്ട്രീയത്തിൽ സിഎഫ് തോമസിന്‍റെ സ്ഥാനം. 2001 - 2006 കാലഘട്ടത്തിൽ ഗ്രാമവികസന മന്ത്രിയുമായിരുന്നു സിഎഫ് തോമസ്.
കേരള കോൺഗ്രസ് ചെയർമാൻ ഡെപ്യൂട്ടി ചെയർമാൻ ജനറൽ സെക്രട്ടറി എന്നി പദവികൾ വഹിച്ചു. കേരളാ കോൺഗ്രസിൽ കെഎം മാണിക്ക് ശേഷം രണ്ടാമത്തെ നേതാവ് എന്ന സ്ഥാനം എന്നും സിഎഫ് തോമസിന് ഉണ്ടായിരുന്നു. കെഎം മാണിയുടെ മരണ ശേഷം പി.ജെ ജോസഫ് പക്ഷത്തിനൊപ്പമെന്നായിരുന്നു സിഎഫ് തോമസിന്‍റെ നിലപാട്.
