പി.കെ.കുഞ്ഞാലിക്കുട്ടി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു


 

മലപ്പുറം: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. ഇ.അഹമ്മദിന്‍റെ മരണശേഷം ദേശീയ രാഷ്ട്രീയത്തിൽ ലീഗിന്‍റെ മുഖമായിരുന്ന അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പണക്കാട് ഹൈദരലി തങ്ങളാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ദേശീയ രാഷ്ട്രീയത്തിൽ ലീഗിന്‍റെ അമരക്കാരനായി ഇനി ഇ.ടി.മുഹമ്മദ് ബഷീർ വരും. വരാനിരിക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണമായും കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചുവെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
സമീപ ഭാവിയിൽ സംസ്ഥാനത്തെ നിർണായക രാഷ്ട്രീയ സംഭവങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതോടെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ ഉയർന്ന ഒപ്പ് വിവാദത്തിലും പി.ജെ.ജോസഫ്-ജോസ് കെ. മാണി തർക്കത്തിൽ മധ്യസ്ഥനായും കുഞ്ഞാലിക്കുട്ടി രംഗത്തുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ലീഗിന്‍റെ തന്ത്രങ്ങൾ മെനയുന്ന അമരക്കാരനായി കുഞ്ഞാലിക്കുട്ടി രംഗത്തുണ്ടാകും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി മത്സര രംഗത്തുണ്ടാകുമെന്നും സൂചനകളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed