മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെതിരായ ജ്വല്ലറി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്

കാസർഗോഡ്: മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി കമറുദ്ദീനെതിരായ ജ്വല്ലറി തട്ടിപ്പ് കേസുകൾ കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിലാണ് കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് എസ്പി ഡി ശിൽപ്പ അറിയിച്ചു.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെതിരെ ചെക്ക് കേസും പുറത്ത് വന്നത്. 78 ലക്ഷം രൂപയുടെ വണ്ടി ചെക്കുകൾ നൽകി എംഎൽഎ വഞ്ചിച്ചെന്നാണ് പരാതി. കള്ളാർ സ്വദേശികളായ രണ്ട് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരാണ് പരാതി നൽകിയത്. പരാതി പറഞ്ഞിട്ടും ലീഗ് നേതൃത്വം കയ്യൊഴിഞ്ഞെന്നാണ് ലീഗ് അനുഭാവികളായ പരാതിക്കാർ പറയുന്നത്.
നേരിട്ട് ആർക്കും ചെക്ക് കൊടുത്തിട്ടില്ലെന്നാണ് എം സി കമറുദ്ദീൻ എംഎൽഎയുടെ വിശദീകരണം. താൻ ഒപ്പിട്ട ചെക്കുകൾ ജ്വല്ലറിയിൽ നിന്ന് ആരെങ്കിലും എടുത്ത് കൊടുത്തതാകാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് ചിലർ പാര വക്കുകയാണെന്നും കമറുദ്ദീൻ പ്രതികരിച്ചു.