ലൈഫ് മിഷൻ വിവാദം; റെഡ് ക്രസന്റിന് പകരം കരാറുകളിൽ ഒപ്പിട്ടത് യുഎഇ കോൺസൽ ജനറൽ


തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കൂടുതൽ കരാർ വിവരങ്ങൾ പുറത്തുവന്നു. പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കാനും ആശുപത്രി നിർമ്മിക്കാനുമുള്ള കരാറിൽ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോൺസൽ ജനറലാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2019 ജൂലൈയിലാണ് വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മാണത്തിന് സഹായം നൽകുന്നതിനായി സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സിഇഒയും റെഡ്ക്രസന്റും തമ്മിൽ ധാരണാ പത്രം ഒപ്പിടുന്നത്. എന്നാൽ ഇതിന് പുറമെ ഒരു ഉപകരാർ കൂടിയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഈ ഉപകരാറിലാണ് റെഡ്ക്രസന്റിന് പകരം കേരളത്തിലെ യുഎഇ കോൺസൽ ജനറൽ ഒപ്പിട്ടത്.

2019 ജൂലൈ 31 നാണ് ഈ കരാർ ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കിൽ പെട്ട സ്ഥലത്ത് 140 ഓളം പാർപ്പിടസമുച്ചയം നിർമ്മിക്കാനുള്ളതാണ് കരാർ. 500 ചതുരശ്ര അടി വിസ്തീർണമുള്ള സമുച്ചയം നിർമ്മിക്കാൻ ഉദ്ദേശിച്ചത്. ടെൻഡർ മുഖേനെയാണ് ഇതിലേക്ക് യുണിടാക്കിനെ തിരഞ്ഞെടുത്തതെന്ന് കരാരറിൽ പറയുന്നു.

70 ലക്ഷം യുഎഇ ദിർഹത്തിന്റെ കരാറാണ് യുണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടൊപ്പം ഫ്ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികള്ക്കും അമ്മമാർക്കുമുള്ള ആശുപത്രി പണിയുന്നതിനായുള്ള കരാറുമുണ്ട്. എറണാകുളത്തെ സെയ്ന്റ് വെഞ്ചേഴ്സ് എന്ന സ്ഥാപനവുമായാണ് ആശുപത്രി നിർമ്മാണത്തിനുള്ള കരാർ.

ഈ കരാറിലും ഒപ്പിട്ടിരിക്കുന്നത് യുഎഇ കോൺസൽ ജനറലാണ്. 30 ലക്ഷം ദിർഹത്തിന്റെതാണ് കരാർ. ഈ കന്പനിയെയും ടെൻഡറിലൂടെയാണ് തിരഞ്ഞെടുത്തതെന്നാണ് രേഖകളിൽ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed