സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരിക ബന്ധമെന്ന് എൻഐഎ
കൊച്ചി: നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധമെന്ന് എൻഐഎ. സ്വപ്നയുടെ ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് എൻഐഎ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നയുടെ പങ്ക് വലുതാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്നയുടെ മെന്‍ററായും ശിവശങ്കർ പ്രവർത്തിച്ചിരുന്നു. പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ സ്വപ്ന ശിവശങ്കറിനെ സമീപിച്ചു. എന്നാൽ ശിവശങ്കർ സഹായിച്ചില്ലെന്നും എൻഐഎ വ്യക്തമാക്കി.
സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറായിരുന്നു. സ്പേസ് പാർക്ക് പ്രോജക്ടിൽ സ്വപ്നയ്ക്ക് വൻ സ്വാധീനം ഉണ്ടായിരുന്നു. വിദേശത്തും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും എൻഐഎ അറിയിച്ചു. കോൺസുലേറ്റിൽനിന്ന് രാജിവച്ചശേഷവും 1000 ഡോളർ ശന്പളം ലഭിച്ചിരുന്നു. സ്വർണക്കടത്തിൽ ഇടപെട്ടവർക്ക് ഓരോ ഇടപാടിലും 50,000 രൂപ വീതം നൽകിയിരുന്നുവെന്നും എൻഐഎ കോടതിയെ അറിയിച്ചു.


