കേരള സർവകലാശാല മോഡറേഷൻ വിവാദം: 23 പേരുടെ ബിരുദം റദ്ദാക്കും

തിരുവനന്തപുരം: കേരള സർവകലാശാല 23 വിദ്യാർത്ഥികൾക്ക്അനുവദിച്ച ബിരുദം റദ്ദാക്കും. തീരുമാനത്തിന് സെനറ്റ് യോഗം അംഗീകാരം നൽകി. ജീവനക്കാരുടെ പാസ്സ്‌വേർഡ് ദുരുപയോഗം ചെയ്ത് വഴിവിട്ട രീതിയിൽ മോഡറേഷൻ നൽകിയത് വിവാദമായിരുന്നു. നടപടി ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചു. സോഫ്റ്റ്‌വെയർ പിഴവാണ് മാർക്കുകളിലെ പിഴവിന് കാരണമെന്ന് സർവകലാശാല നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബോധപൂർവമുള്ള മാർക്ക് ദാനമാണോ നടന്നതെന്നതിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ പാസ്സ്‌വേർഡ് ദുരുപയോഗം ചെയ്ത് വഴിവിട്ട രീതിയിൽ മോഡറേഷൻ നൽകിയെന്നായിരുന്നു സർവകലാശാലയുടെ പ്രാഥമിക നിഗമനം.
സർവകലാശാല നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ പിഴവാണ് വിദ്യാർഥികൾക്ക് തെറ്റായി മാർക്ക് ലഭിക്കാൻ ഇടയാക്കി എന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് തെറ്റായ മാർക്ക് ലിസ്റ്റും ബിരുദവും റദ്ദാക്കാനുള്ള തീരുമാനം. ഓൺലൈനായി ചേർന്ന സംയുക്ത യോഗത്തിൽ വൈസ് ചാൻസിലർ സർ പ്രൊഫസർ വിപി മഹാദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
മാർക്ക് തിരിമറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറെ വിളിച്ചുവരുത്തി വിശദമായ റിപ്പോർട്ട് ഗവർണർ ആവശ്യപെട്ടിരുന്നു. 12 പരീക്ഷകളിൽ ക്രമക്കേട് നടന്നെന്നായിരുന്നു കണ്ടെത്തൽ. ബിസിഎ കോഴ്സിലെ ഇരുപതിലധികം വിദ്യാർത്ഥികൾക്ക് അധികം മാർക്ക് ലഭിച്ചിരുന്നു.