സംസ്ഥാനത്ത് കനത്ത മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ


കോട്ടയം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെട്ടു. ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായും മഴ ലഭിച്ചു. കനത്ത മഴയിൽ പലയിടത്തും റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലതിലും വെള്ളപ്പൊക്കമുണ്ടായി. 

തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതൽ വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാങ്ങളിൽ അടുത്ത 3−4 ദിവസങ്ങളിൽ വ്യാപകമായി മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

കോട്ടയം −ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിൻ്റെ കോട്ടയം− തിരുവനന്തപുരം സഞ്ചാരദിശയിൽ മണ്ണ് ഇടിഞ്ഞു വീണത്. കൊവിഡ് മൂലം തീവണ്ടി സർവ്വീസുകൾ കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി. പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന് തിരുവനന്തപുരം− എറണാകുളം വേണാട് സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരി വരെ മാത്രമേ ഓടുകയുള്ളൂ

കോട്ടയം നഗരസഭയിലെ 49−ാം വാർഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചിൽ റിവർ റോഡ് കനത്ത മഴയെ തുടർന്ന് പകുതിയോളം ഇടിഞ്ഞു താണു. മീനച്ചിലാറിൻ്റെ തീരത്തിലൂടെയുള്ള റോഡാണിത്. 11കെവി വൈദ്യുതി ലൈൻ അടക്കം ഈ വഴി കടന്നു പോകുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്ന 20 ഓളം വീട്ടുകാർ ആശങ്കയിലാണ്. 

You might also like

Most Viewed