ഉത്ര കൊലക്കേസ്; മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റം നിഷേധിച്ച് സൂരജ്

കൊല്ലം: ഉത്ര കൊലക്കേസ് പ്രതി സൂരജിനെയും കൂട്ട് പ്രതി സുരേഷിനെയും പത്തനംതിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സൂരജിന് സുരേഷ് പാന്പിനെ കൈമാറിയ ഏനാത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ച് വലിയ ആൾക്കൂട്ടമാണ് പറക്കോടുള്ള വീട്ടു പരിസരത്തും അടൂരും പ്രതിയെ കാണാൻ തന്പടിച്ചത്. രാവിലെ 11 മണിയോട് കൂടിയാണ് സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചത്. കിടപ്പ് മുറിയിലും പാന്പിനെ സൂക്ഷിച്ച ടെറസിലും പാന്പിനെ ഉപേക്ഷിച്ചു എന്ന് സൂരജ് പറഞ്ഞ സമീപത്തെ പറന്പിലും പരിശോധനയും തെളിവെടുപ്പും നടത്തി. താൻ നിരപരാധിയാണെന്ന് തെളിവെടുപ്പിനെത്തിച്ചത് മുതൽ സൂരജ് മാധ്യമങ്ങളോട് പറഞ്ഞ് കൊണ്ടിരുന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കൊലക്കേസിലെ പ്രതിയെ കാണാൻ വലിയ ആൾക്കൂട്ടമാണ് തടിച്ച് കൂടിയത്. അയൽ വീടുകളിലും തൊട്ടടുത്ത പറന്പുകളിലും ആൾക്കൂട്ടം തിങ്ങി നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും പണിപ്പെട്ടു. സൂരജ് ജോലി ചെയ്ത സ്വകാര്യ സ്ഥാപനത്തിന് സമീപത്തും തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ ആളുകൾ കൂടിയതോടെ സ്ഥാപനത്തിനുള്ളിൽ കയറ്റിയില്ല. നേരത്തെ സുരേഷ് സൂരജിന് പാന്പിനെ കൈമാറിയ ഏനാത്ത് എത്തിച്ച് തെളിവെടുത്തിരുന്നു.