തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എസ്.എഫ്‌.ഐ നേതാവിന്റെ ഭീഷണി ദൃശ്യങ്ങള്‍ പുറത്ത് ; പിന്നാലെ കെ.എസ്‌.യു പ്രവര്‍ത്തകന്‍ പരിക്കേറ്റ് ആശുപത്രിയില്‍


തിരുവനന്തപുരം: വൻ വിവാദം സൃഷ്ടിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് വിവാദം വീണ്ടും. കോളേജിന്റെ ഹോസ്റ്റലില്‍ എസ്.എഫ്.ഐ നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാവ് കെ.എസ്‌.യു പ്രവര്‍ത്തകന് നേരെ വധഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. അതേ സമയം ആരോപണം എസ്.എഫ്‌.ഐ പാടെ തള്ളിയിട്ടുണ്ട്. എന്നാൽ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന് കെ.എസ്‌.യു വ്യക്തമാക്കി. പൂര്‍വ്വകാല വിദ്യാര്‍ത്ഥിയായ എസ്.എഫ്‌.ഐ നേതാവ് മഹേഷ് നിതിന്‍ രാജ് എന്ന യുവാവിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. പിന്നീട് ഹോസ്റ്റലില്‍ല്‍ നടന്ന അക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തേ കെ.എസ്‌.യു പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിന് കെ.എസ്‌.യു നേതാക്കളായ ആര്യ, അമല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിതിനും ആക്രമിക്കപ്പെട്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ ആകുന്നതിന് മുമ്പ് ഹോസ്റ്റലില്‍ നിന്നുള്ള ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. താന്‍ ഇപ്പോഴും ഇവിടെ ഇന്‍മേറ്റാണെന്നും നിതിനെ ഇടിക്കുമെന്നും ഹോസ്റ്റലില്‍ നിന്നും നിതിനെ പറപ്പിക്കുകയാണ് തന്റെ ദൗത്യമെന്നും മഹേഷ് പറയുന്ന ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. 

നേരത്തേ എസ്.എഫ്‌.ഐ പ്രവര്‍ത്തകന്‍ അര്‍ജുനെ എസ്.എഫ്‌.ഐയുടെ നേതാക്കള്‍ തന്നെ കുത്തിയ സംഭവത്തില്‍ ആരോപണം ഉയര്‍ന്നയാളാണ് മഹേഷ്. കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന നേതാവെന്ന നിലയിലായിരുന്നു ആരോപണം. കുത്തുന്ന സംഭവം നടക്കുമ്പോള്‍ മഹേഷിന്റെ സാന്നിദ്ധ്യം ക്യാമ്പസില്‍ ഉണ്ടായിരുന്നു. അതേസമയം ആരോപണം എസ്എഫ്‌ഐ ജില്ലാക്കമ്മറ്റി പൂര്‍ണ്ണമായും തള്ളി. എസ്.എഫ്‌.ഐയുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് മഹേഷെന്നാണ് എസ്.എഫ്‌.ഐനേതാക്കളുടെ പ്രതികരണം. എസ്.എഫ്‌.ഐ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഒരു മഹേഷും യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഇല്ലെന്നാണ് പ്രതികരണം.

എന്നാല്‍ ക്യാമ്പസിലും ഹോസ്റ്റലിലും പഴയത് പോലെ തന്നെ എസ്.എഫ്‌.ഐ പ്രവര്‍ത്തകരുടെ ഗുണ്ടാ വിളയാട്ടമാണെന്ന് കെ.എസ്‌.യു ആരോപിക്കുന്നു. ക്യാമ്പസില്‍ യൂണിറ്റ് കമ്മറ്റിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും എസ്.എഫ്‌.ഐ പഴയത് പോലെ തന്നെ മറ്റ് സംഘടനകളുടെ ഭാരവാഹികളെ മര്‍ദ്ദിക്കുന്നു എന്നുമാണ് കെ.എസ്‌.യുവിന്റെ പ്രതികരണം. രണ്ടു പതിറ്റാണ്ടിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ നാലു മാസം മുമ്പാണ് കെ.എസ്‌.യു യൂണിറ്റ് രൂപീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് എന്നതാണ് അവരുടെ ആക്ഷേപം. ഇന്നലെ പഠിപ്പു മുടക്ക് നടത്തിയതിന് കെ.എസ്‌.യു നേതാക്കള്‍ക്കെതിരേ നടപടിയെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed