അധ്യാപകരുടെ അനാസ്ഥ പുറംലോകത്തെ അറിയിച്ച നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരം
കോട്ടയം: സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ വച്ച് പാന്പുകടിയേറ്റ് സഹപാഠി മരിച്ച സംഭവത്തിൽ അധ്യാപകർ അനാസ്ഥ കാണിച്ചെന്ന് പുറം ലോകത്തോട് വിളിച്ച് പറഞ്ഞ നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് നിദ അർഹയായത്. പ്രശസ്തിപത്രവും ശിൽപ്പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരങ്ങള്‍ നിദക്ക് ഡിസംബറിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.
ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും അധ്യാപകർ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിദ ഫാത്തിമയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ നിദയെ വ്യാപകമായി അഭിനന്ദിച്ചിരുന്നു. ബത്തേരി−മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോൾ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും വൈറലായിരുന്നു.

