ചെയർമാൻ സ്ഥാനം; കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജോസ് കെ.മാണി
കോട്ടയം: കേരള കോൺഗ്രസിലെ അധികാര തർക്ക വിഷയത്തിൽ കട്ടപ്പന സബ്കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജോസ് കെ.മാണി എംപി. ഏതാണ് യഥാർത്ഥ കേരളാ കോൺഗ്രസ് എന്നതാണ് ഇപ്പോഴത്തെ തർക്കം. ആ തർക്കത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്‍റെ അന്തിമ തീരുമാനം വന്നതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ജോസിനെ ചെയർമാനായി തിരഞ്ഞെടുത്ത നടപടിയിലെ സ്റ്റേ തുടരുമെന്നാണ് കട്ടപ്പന സബ്കോടതി വിധിച്ചത്. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ കോടതി ഏർപ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുൻസിഫ് കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ ജോസ് പക്ഷം സമർപിച്ച അപ്പീലാണ് കട്ടപ്പന സബ്കോടതി തള്ളിയത്. പാർട്ടി ഭരണഘടന പ്രകാരമാണ് ചെയർമാനെ തിരഞ്ഞെടുത്തതെന്നും, സംസ്ഥാന കമ്മിറ്റി ചേർന്നെന്നുമുള്ള ജോസ് വിഭാഗത്തിന്‍റെ ഹർജിയിലെ വാദവും കോടതി തള്ളി. നേരത്തെ, തൊടുപുഴ മജിസ്ട്രേറ്റ് പിൻമാറിയതിനെ തുടർന്നാണ് കേസ് ഇടുക്കി കോടതി പരിഗണിച്ചത്. ആദ്യ ഘട്ടത്തിൽ പി.ജെ ജോസഫ് വിഭാഗം നൽകിയ ഹർജി പരിഗണിച്ചായിരുന്നു ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ കോടതി സ്റ്റേ ചെയ്തിരുന്നത്.

