കൂടത്തായി കൊലപാതകം; ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു കുറ്റം സമ്മതിച്ചു


കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ ഒടുവിൽ കുറ്റം സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റൽ ക്ലിനിക്കിൽ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ചോദ്യം ചെയ്യലിനിടെ ഷാജു പറഞ്ഞു.
കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവിൽ അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു. ജോളിയെ വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ഷാജുവിന് കൊലപാതകങ്ങളിൽ പങ്കുണ്ടായിരുന്നുവെന്നാണ് ഇതോടെ വ്യക്തമായിട്ടുള്ളത്.
കൊലപാതക വിവരം ആരോടും പറയരുതെന്ന ജോളിയുടെ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷാജു പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. കുറ്റസമ്മതം നടത്തിയതോടെ ഷാജുവിന്റെ അറസ്റ്റിനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. കൊലപാതകങ്ങളെപ്പറ്റി ഒന്നും അറിയില്ലെന്നാണ് കഴിഞ്ഞ ദിവസംവരെ ഷാജു പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഷാജുവിനെതിരെ ജോളി മൊഴി നൽകിയതോടെ അയാൾക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ കുറ്റസമ്മതം നടത്തേണ്ടിവന്നു.
താമരശ്ശേരിയിലെ ഒരു ദന്താശുപത്രിയിൽ വച്ചാണ് ഷാജുവിന്റെ ആദ്യഭാര്യ സിലി കൊല്ലപ്പെട്ടത്. ഷാജുവും ജോളിയും സിലിയും ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ദന്താശുപത്രിയിലെത്തിയത്. ഷാജുവിന്റെ പല്ല് വൃത്തിയാക്കാനായിരുന്നു ഇത്. ഷാജു ഡോക്ടറുടെ മുറിയിൽ കയറിയപ്പോൾ സിലിയും ജോളിയും പുറത്തിരുന്നു. അതിനിടെ ജോളിയുടെ കൈകളിലേക്ക് സിലി കുഴഞ്ഞുവീണ് മരിച്ചു. ഈ സംഭവത്തിലാണ് ഷാജു കുറ്റസമ്മതം നടത്തിയിട്ടുള്ളത്. ആദ്യഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് കുറ്റസമ്മതം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed