ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടു: എഫ്.എ.ടി.എഫ്
ന്യൂഡൽഹി: ഹാഫിസ് സയീദ് അടക്കമുള്ള ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്). ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്.
ഭീകര സംഘടനകളുടെ പട്ടികയിൽ യു.എൻ ഉൾപ്പെടുത്തിയിട്ടുള്ള ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയവയ്ക്കെതിരെ പാകിസ്താൻ കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും എഫ്.എ.ടി.എഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഭീകരവാദികൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുന്നതിനുവേണ്ടി നൽകിയ 40 ശുപാർശകളിൽ ഒരെണ്ണം മാത്രമാണ് പാകിസ്താൻ നടപ്പിലാക്കിയിട്ടുള്ളതെന്നാണ് മറ്റൊരു വിമർശം. ശനിയാഴ്ച പുറത്തുവന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. പാകിസ്താനിലെ ഇമ്രാൻ ഖാൻ ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ.
ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പാകിസ്താനെ ഇനിയും ഗ്രേ ലിസ്റ്റിൽതന്നെ നിലനിർത്താൻ ഒക്ടോബർ 13 മുതൽ 18 വരെ പാരീസിൽ ചേരുന്ന എഫ്.എ.ടി.എഫ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും. 40 ശുപാർശകളിൽ ഒന്നുമാത്രം പൂർണമായി നടപ്പാക്കിയ പാകിസ്താൻ 26 എണ്ണം ഭാഗികമായി നടപ്പാക്കിയെന്നും നാലെണ്ണം പൂർണമായും അവഗണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ എന്നിവയ്ക്ക് ഭീകരർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ല എന്നാണ് അന്താരാഷ്ട്ര കൂട്ടായ്മ വിലയിരുത്തുന്നത്. ഭീകരരുടെ സാമ്പത്തിക സ്രോതസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തപക്ഷം പാകിസ്താന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് എഫ്.എ.ടി.എഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന മുന്നറിയിപ്പുപോലും നൽകിയിരുന്നു.

