റോഡ് അറ്റകുറ്റപ്പണി തടസപ്പെടുത്തിയെന്ന പരാതിയിൽ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ കേസ്
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ കേസ്. എരമല്ലൂര്‍–എഴുപുന്ന റോഡ് അറ്റകുറ്റപ്പണി തടസപ്പെടുത്തിയതിനാണു അരൂർ പൊലീസ് കേസെടുത്തത്. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഷാനിമോള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. രാഷ്ട്രീയപ്രേരിതമായ കേസെന്ന് കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍ പറഞ്ഞു. സെപ്റ്റംബർ 27 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എരമല്ലൂര്‍–എഴുപുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നുവെന്ന പരാതിയെ തുടർന്ന് അറ്റകുറ്റപണിക്കായി എത്തിയതാണ് ഉദ്യോഗസ്ഥർ. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം അറ്റകുറ്റപണികൾക്കായി ഇറങ്ങിയതാണെന്നും വോട്ടു പിടിക്കാനുള്ള തന്ത്രമാണെന്നും പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ പണി തടസ്സപ്പെടുത്തിയത്. തുടർന്ന് അവിടെയെത്തിയ ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള ഒരു പ്രവർത്തനവും നടക്കില്ലെന്നും ഒരു കല്ലു പോലും ഇടാൻ സമ്മതിക്കില്ലെന്നും പറഞ്ഞു.

