എഴുത്തുകാരൻ പി.എൻ ദാസ് അന്തരിച്ചു


കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി.എൻ ദാസ് അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് മാവൂർ റോ‍ഡിലുള്ള ശ്മശാനത്തിൽ നാളെയാണ് സംസ്കാരം. 

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിലാണ് പി.എൻ ദാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാന്പി സംസ്‌കൃത കോളേജിൽ ഉപരിപഠനത്തിനെത്തിയ കാലത്താണ് മാസിക പ്രവർത്തനത്തിലൂടെ സാഹിത്യ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കെ.ജി ശങ്കരപ്പിള്ള അധ്യാപകനായി എത്തിയതോടെ ചിന്തകളിൽ അടക്കം മാറ്റം വന്നു. പിന്നീട് അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചു. കടുത്ത പൊലീസ് മർദ്ദനത്തിനും ഇരയായിട്ടുണ്ട്. ഒരു വർഷത്തിനടുത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ‍ തടവുകാരനായി. ജയിലിലെ ജീവിതം വലിയ മാനസിക പരിവർത്തനമാണ് പി.എൻ ദാസിൽ ഉണ്ടാക്കിയത്. പിന്നീട് പ്രകൃതി ചികിത്സയിലേക്കും ആത്മീയതയിലേക്കും അന്വേഷണം തിരിഞ്ഞു.

അത് ബുദ്ധനിലേക്കും സൂഫിസത്തിലേക്കുമെല്ലാം പി.എൻ ദാസിനെ നയിച്ചു. വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ നന്പൂതിരി എൻഡോവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുള്ളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. കരുണയിലേക്കുളള തീർത്ഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, ബോധിവൃക്ഷത്തിന്റെ ഇലകൾ, വേരുകളും ചിറകുകളും, പക്ഷിമാനസം, ജീവിത പുസ്തകത്തിൽ നിന്ന്,  തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്. ‘ദീപാങ്കുരൻ‘ എന്ന തൂലികാ നാമത്തിലും എഴുതിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed