കടൽക്ഷോഭം രൂക്ഷം: ശംഖുമുഖത്ത് കർക്കിടക വാവ് ബലിതർപ്പണത്തിന് നിയന്ത്രണം
തിരുവനന്തപുരം: തിരുവനന്തപുരം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തീരം അപകടാവസ്ഥയിലായതിനെ തുടർന്ന് ശംഖുമുഖത്ത് കർക്കിടക വാവ് ബലിതർപ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം ശക്തിപ്രാപിച്ചതോടെ ഒരാഴ്ചയായി കടൽക്ഷോഭവും രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലാണ് ജില്ലയിൽ കടലാക്രമണം ശക്തമായത്. ആറ് ക്യാന്പുകളിലായി 173 കുടുംബങ്ങളെയാണ് ജില്ലയിൽ മാറ്റിപ്പാർപ്പിച്ചത്. ഇവയിലേറെയും വലിയതുറ ഭാഗത്തുളളവരാണ്. ഒരാഴ്ചത്തേക്കാണ് തീരത്ത് വിനോദസഞ്ചാരികളെ വിലക്കിയതെങ്കിലും തീരം സുരക്ഷിതമാകുന്നതുവരെ നിയന്ത്രണം തുടരാനാണ് നിലവിലെ തീരുമാനം.
പതിവായി ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന ശംഖുമുഖത്തെ കടവ് അപകടനിലയിലാണ്. കടൽകെട്ടുകളടക്കം തകരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇവിടെ ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ബലിതർപ്പണത്തിനായി വർക്കല, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം തുടങ്ങി ജില്ലയിലെ മറ്റു സ്‌നാനഘട്ടങ്ങൾ ജനങ്ങൾ തെരഞ്ഞെടുക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
ബലിതർപ്പണത്തിന് നൽകുന്ന പാസുകളിൽ ശംഖമുഖത്തെ അപകടാവസ്ഥ സംബന്ധിച്ച് ജനങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകും. കടൽക്ഷോഭത്തെ ചെറുക്കാൻ കഴിയുന്ന രീതിയിൽ ശംഖുമുഖത്ത് റോഡ് പുനർനിർമ്മിക്കുന്നതും ജില്ലാഭരണകൂടത്തിന്‍റെ പരിഗണനയിലാണ്.

