നെടുങ്കണ്ടം കസ്റ്റഡിമരണം: അന്വേഷണം ഊർജ്ജിതം
ഇടുക്കി: പീരുമേട് ജയിലിൽ റിമാൻഡിലിരിക്കെ സാന്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച്് അന്വേഷണം ഊർജ്ജിതമാക്കി. നെടുങ്കണ്ടം േസ്റ്റഷനിലെ പോലീസുകാരിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് സൂചന. രാജ്‍കുമാർ പ്രതിയായ സാന്പത്തിക തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേക സംഘം നാലായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
രാജ്‌കുമാർ തട്ടിപ്പിലൂടെ നേടിയ പണം കുമളിയിലേക്കാണ് കൊണ്ടുപോയതെന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം നടക്കുന്നത്. ഇന്നലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ക്യാന്പ് ഓഫീസ് തുറന്നിരുന്നു. നാട്ടുകാർക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് ഇവിടെയെത്തി കൈമാറാം. കൂടാതെ രാജ്‌കുമാർ പ്രതിയായിരുന്ന സാന്പത്തിക തട്ടിപ്പിലെ പരാതികളും സമർപ്പിക്കാം. ഇതിനിടെ, കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലാത്തതിൽ പോലീസുകാർക്കിടയിൽ അമർഷം പുകയുകയാണ്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പോലീസുകാർക്കിടയിൽ പ്രതിഷേധം ഉയരുന്നത്.

