പ്രളയ പുനർനിർമ്മാണം: കോൺഗ്രസ്സിന്റെ 1000 വീടുകൾ എവിടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കോൺഗ്രസ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ 1000 വീടുകൾ എവിടെയന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രളയാനന്തര പ്രവർത്തനങ്ങൾ പരാജയമാണെന്നും അത് ചർച്ച ചെയ്യണണമെന്നാണ് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
പ്രളയാനന്തര പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചു. പിന്നീട് പ്രതിപക്ഷം പ്രതിഷേധ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.നവകേരള നിർമ്മാണം പരാജയമെന്ന് പറയുന്നവർ പ്രത്യേക മനഃസ്ഥിതിയുള്ളവരാണ്. അവർ ദിവാസ്വപ്നം കാണുകയാണ്. ഒരു പ്രവർത്തനവും നടത്താത്തവരാണ് ഇത്തരം ദിവാസ്വപ്നം കണ്ടുക്കൊണ്ടിരിക്കുന്നത്. പ്രളയത്തിൽ നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ഒഴിവാക്കില്ല. റീ ബിൽഡ് കേരള കേവലമൊരു സർക്കാർ സംവിധാനമല്ല. പ്രളയാനന്തര പുനഃനിർമാണത്തിന് മൂന്ന് വർഷമെങ്കിലും വേണ്ടി വരുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

