നെടുന്പാശ്ശേരിയിൽ നിന്നുള്ള പകൽ സർവ്വീസ് നവംബർ മുതൽ തടസ്സപ്പെടും
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നവീകരണത്തിന്റെ ഭാഗമായി നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവ്വീസ് നടക്കില്ല.
നിലവിൽ 31 ആഭ്യന്തര സർവ്വീസുകളും 7 രാജ്യാന്തര സർവ്വീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവ്വീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കന്പനികളോട് ഈ സമയത്തിനനുസരിച്ച് സർവ്വീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടും. മൂന്നു പാളികളായി റൺവേ പുനർനിർമ്മിക്കുന്ന (റീകാർപ്പെറ്റിങ്) ജോലികളാണു നടത്തുന്നത്. പകൽ നിർമാണപ്രവർത്തനങ്ങൾ നടത്തി റൺവേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്.

