സ്പാ കൂട്ടബലാത്സംഗം: കൊച്ചിയിൽ അനധികൃത സ്പാകൾക്കെതിരെ പൊലീസിന്റെ കടുത്ത നടപടി
ശാരിക
കൊച്ചി: പത്തടിപ്പാലത്ത് സ്പാ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ നഗരത്തിലെ സ്പാകൾക്കും മസാജ് സെന്ററുകൾക്കുമെതിരെ കൊച്ചി സിറ്റി പൊലീസിന്റെ കർശന നടപടി. കൊച്ചിയിൽ അഞ്ഞൂറിലധികം അനധികൃത സ്പാകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം മസാജിങ്, ക്രോസ് മസാജിങ് ബോർഡുകൾ സജീവമാണ്. ഇത്തരം പല കേന്ദ്രങ്ങളുടെയും മറവിൽ ഹൈടെക് പെൺവാണിഭമാണ് നടക്കുന്നതെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ചെറിയ കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത് മുറികളൊരുക്കി മസാജ് സെന്ററുകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം ദിവസേന വർധിച്ചുകൊണ്ടിരിക്കുകയാണ്. ചില ലേഡി തെറാപ്പിസ്റ്റുകൾക്ക് പ്രതിദിനം 15,000 രൂപ വരെ ടിപ്പായി ലഭിക്കുന്നുണ്ട്. മസാജിംഗിനായി എത്തുന്നവരിൽ ഭൂരിഭാഗവും 28 വയസ്സിന് താഴെയുള്ളവരാണ്. പ്രത്യേക ആപ്പുകൾ വഴിയും വാട്സാപ്പ് വഴിയും ഫോട്ടോകൾ കണ്ടാണ് മറ്റ് ജില്ലകളിൽ നിന്നുള്ള യുവാക്കൾ കൊച്ചിയിലേക്ക് എത്താറുള്ളത്.
നിയമപരമായി ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന പരമ്പരാഗത ആയുർവേദ സുഖചികിത്സാ കേന്ദ്രങ്ങളുടെ സൽപേരിന് കളങ്കം വരുത്തുന്ന രീതിയിലാണ് ഇത്തരം അനധികൃത സ്ഥാപനങ്ങളുടെ പ്രവർത്തനം. ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെയാണ് ഇവ പ്രവർത്തിക്കുന്നത്. സ്പാകളുടെ മറവിൽ പെൺവാണിഭം നടക്കുമ്പോൾ ജോലി തേടിയെത്തി ഇതിൽ കുടുങ്ങിപ്പോകുന്ന യുവതികളും നിരവധിയാണ്. എന്നാൽ സാമൂഹിക ഭയവും നാണക്കേടും കാരണം പലരും തങ്ങൾ നേരിടുന്ന ചതി പുറത്തുപറയാറില്ല. മലയാളികൾക്ക് പുറമെ നേപ്പാൾ, പഞ്ചാബ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളും കൊച്ചിയിലെ സ്പാകളിൽ തെറാപ്പിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ട്.
ംമനമംന

