നട തുറന്നു; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്
സന്നിധാനം: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു. അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.
സന്നിധാനത്തേക്ക് തീർത്ഥാടകർ എത്തിത്തുടങ്ങി. കർശന പരിശോധനയ്‍ക്ക് ശേഷമാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത്. അയ്യായിരത്തിലധികം പേരാണ് ഇന്ന് മലചവിട്ടിയത്. തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. വന്‍ സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 20 കമാന്‍ഡോകള്‍ ഉള്‍പ്പടെ 2300ലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.സന്നിധാനത്ത് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പൂജകൾ പൂർത്തിയാക്കി നാളെ രാത്രി നട അടക്കും. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് തന്ത്രി കണ്ഠര് രാജീവരെ വിലക്കിയിട്ടുണ്ട്.

