ശബരിമല : പ്രതിഷേധം ശക്തം ; രണ്ടു വാഹനങ്ങൾ വീതം കടത്തിവിടാൻ തീരുമാനം
പത്തനംതിട്ട : ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് ദർശനത്തിന് ശബരിമലയിലെത്തിയ തീർഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങൾ വീതം കടത്തിവിടാൻ പൊലീസ് തീരുമാനിച്ചു. നിശ്ചിത ഇടവേളകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയാണു കടത്തിവിടുകയെന്നു പൊലീസ് അറിയിച്ചു.
നിലയ്ക്കല്‍ വരെയാകും വാഹങ്ങള്‍ വിടുന്നത്. നേരത്തെ, എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് തീർഥാടകരെ തടഞ്ഞത്. എരുമേലിയിൽ ഇന്നലെ മുതൽ എത്തിയവരാണു കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങൾ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റുകയായിരുന്നു. ഉച്ചയോടെ മാത്രമേ എരുമേലിയിൽനിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആർടിസി ബസെങ്കിലും കടത്തിവിടണമെന്ന് തീർഥാടകർ ആവശ്യപ്പെടുന്നുണ്ട്. എരുമേലി ടൗണിലും കെഎസ്ആർടിസി സ്റ്റാൻഡിലും പ്രതിഷേധം തുടരുകയാണ്.
നിലയ്ക്കലില്‍നിന്നും കാൽനടയായി പോകുന്ന തീർഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി. രാവിലെ 11.30 ഓടെ മാത്രമേ കെഎസ്ആർടിസി ബസുകൾ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളിൽ താമസം അനുവദിക്കില്ല. മുറികൾ പൂട്ടി താക്കോൽ കൈമാറാൻ പൊലീസ് നിർദേശം നൽകി. ദേവസ്വം, വനം, വൈദ്യുതി, ജല വകുപ്പുകൾക്കാണ് ഇവിടെ ഗസ്റ്റ് ഹൗസുകളുള്ളത്.

