ശബരിമല തീർഥാടകരെ പൊലീസ് വഴിയിൽ തടയുന്നു : നിരീക്ഷണം ശക്തമാക്കി


പത്തനംതിട്ട : ശബരിമല നട തുറക്കാനിരിക്കെ തീർഥാടകരെ പൊലീസ് വഴിയിൽ തടയുന്നു. സന്നിധാനത്തേക്കുള്ള എല്ലാ വഴികളും പൊലീസ് നിയന്ത്രണത്തിലാണ്. നിലയ്ക്കലിലേക്കു പോലും തീർഥാടകരെ കടത്തിവിടാനാകില്ലെന്ന നിലപാടിലാണു പൊലീസ്. അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയ തീർഥാടകരെയാണു പൊലീസ് വഴിയിൽ തടഞ്ഞത്. ഇവരിൽ പലരും ഞായറാഴ്ച ദർശനത്തിനായി പുറപ്പെട്ടവരാണ്. വഴിയിൽ തടഞ്ഞതോടെ തീർഥാടകരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി.

യുവതികളെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ പ്രതിഷേധം ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നിയന്ത്രണം ശക്തമാക്കിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 20 കിലോമീറ്റർ മുൻപു മുതൽ പൊലീസ് കാവൽ അതിശക്തമാക്കിയിട്ടുണ്ട്. അതിനിടെ, വനിതാ പൊലീസിനെ വലിയ നടപ്പന്തലിൽ നിയോഗിച്ചു. 50 വയസ്സുപിന്നിട്ട 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതൽ യുവതികളെത്തിയാൽ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം.

പൊലീസ് കമാൻഡോ സംഘമായ തണ്ടർ ബോൾട്സും ദ്രുതകർമസേനയും നിലയ്ക്കലിലും പമ്പയിലും ക്യാംപ് ചെയ്യുന്നു. പമ്പയിൽ 100 വനിതാ പൊലീസിനെ കൂടി നിയോഗിച്ചു. ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.

തിരിച്ചറിയൽ കാർഡില്ലാതെ ആരെയും ഇന്നും നാളെയും നിലയ്ക്കൽ മുതൽ കടത്തി വിടില്ല. മുൻപു സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. തീർഥാടകർ അല്ലാത്തവരെ നിലയ്ക്കൽ എത്തും മുൻപേ തിരിച്ചയയ്ക്കും. തീർഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്കു വിടുക. വൈകിട്ട് 5 നാണു നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കിൽ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പൊലീസ് അറിയിച്ചു.

കെഎസ്ആർടിസി ബസിലെത്തിയ തീർഥാടകരെയും തടഞ്ഞു. പമ്പയിലും സന്നിധാനത്തും എത്തേണ്ട ജീവനക്കാരെയും കടയുടമകളെയും മാത്രമാണ് കടത്തിവിട്ടത്. ഇന്നലെ രാത്രി എട്ടരയോടെ മാത്രമാണു മാധ്യമപ്രവർത്തകരെ കടത്തിവിട്ടത്. എന്നാൽ പമ്പ ത്രിവേണി പാലത്തിനിപ്പുറം വണ്ടി നിർത്തി നടന്നുപോകേണ്ടി വന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed