സ്കൂളുകളിൽ വീഡിയോ റെക്കോഡറും കോൺഫറൻസിംഗ് സംവിധാനവും
തിരുവനന്തപുരം : മുഴുവൻ സ്കൂളുകളിലും ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതിനുള്ള റെക്കോഡിംഗ് ക്യാമറകൾ, വീഡിയോ കോൺഫറൻസിംഗ്് സംവിധാനം എന്നിവ ഏർപ്പെടുത്താനുള്ള നടപടികൾ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആരംഭിച്ചു.വിന്യാസം ജൂണിൽ പൂർത്തിയാകും. 4775 എണ്ണം വീതം മൾട്ടിഫംഗ‌്ഷൻ പ്രിന്ററുകൾ, എച്ച‌്‌ഡി ഡിജിറ്റൽ ഹാൻഡിക്യാം, എച്ച‌്‌ഡി വെബ് ക്യാം, 42 ഇഞ്ച് എൽഇഡി ടെലിവിഷൻ എന്നിവയ്ക്കുള്ള ദേശീയ ടെണ്ടർ വിളിച്ചു. 45000 ക്ലാസ് മുറിയിൽ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ‌് ഈ പദ്ധതി.
നേരത്തെ തന്നെ 34500 ക്ലാസ് മുറിയിലേക്ക് ആവശ്യമായ ലാപ്‍ടോപുകൾ, മൾട്ടിമീഡിയ പ്രൊജക്ടറുകൾ, മൗണ്ടിംഗ് കിറ്റുകൾ, യുഎസ‌്ബി സ്പീക്കറുകൾ, സ്ക്രീനുകൾ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം എന്നിവ സ്കൂളുകൾക്ക് ലഭ്യമാക്കിയിരുന്നു. ക്ലാസ് മുറികൾ നെറ്റ്്റ്‍വർക്ക് ചെയ്യുന്നതിന്റെ പ്രവർത്തനം ആരംഭിച്ചു. അവശേഷിക്കുന്ന 25 ശതമാനം ക്ലാസ് മുറികളും ജൂണോടെ ഹൈടെക്കാക്കുന്നതിനുള്ള സർവേ പ്രവർത്തനങ്ങൾ മെയ് പകുതിയോടെ തുടങ്ങും.

