ഈ പീഡനം ധീരമായി ഏറ്റുവാങ്ങുന്നു : അശ്വതി ജ്വാല
തിരുവനന്തപുരം : കോളവത്ത് നിന്ന് കാണാതായ വിദേശവനിത ലിഗയുടെ മരണത്തിൽ പണപ്പിരിവു നടത്തി എന്ന പരാതിയിൽ അന്വേഷണം നേരിടുന്ന അശ്വതി ജ്വാല ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കി. സഹജീവി സ്നേഹത്തിന് വിലയായി നൽകുന്ന ഈ പീഡനം ധീരമായി ഏറ്റുവാങ്ങന്നു എന്നായിരുന്നു സംഭവത്തെക്കുറിച്ച് അശ്വതി ജ്വാലയുടെ പ്രതികരണം.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. ലിഗ വിഷയവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പത്ത് മണിക്ക് കമ്മീഷണറുടെ ഓഫീസിൽ സ്പെഷ്യൽ ബ്രാഞ്ചിന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതു വിധത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയാറാണ്. ലോകമെന്പാടുമുള്ള മലയാളികൾ പിന്തുണ അറിയിച്ചു കൊണ്ട് വിളിക്കുന്നു... സന്ദേശങ്ങൾ അയക്കുന്നു. നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്. ആ സ്നേഹത്തിന് നന്ദി. പിന്തുണക്ക് നന്ദി... സഹജീവി സ്നേഹത്തിന് വിലയായി നൽകുന്ന ഈ പീഡനം ധീരമായി ഏറ്റുവാങ്ങുന്നു. മലയാളികളേ... സ്നേഹം വറ്റാത്ത സുമനസ്സുകളേ.... നന്ദി.

