ശബ്ദമലിനീകരണം : 60% ബസ് ജീവനക്കാർക്കും കേൾവിക്കുറവ്

കൊച്ചി : ശബ്ദമലിനീകരണത്താൽ കൊച്ചിയിലെ ബസ് ഡ്രൈവർമാരിൽ 60 ശതമാനം പേർക്കും കേൾവിക്കുറവുണ്ടെന്ന് കണ്ടെത്തൽ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കൊച്ചി ശാഖയും എസ്.സി.എം.എസ്. ഗ്രൂപ്പ് സ്ഥാപനങ്ങളും ചേർന്നായിരുന്നു പഠനം. അസോസിയേഷൻ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ (എ.ഒ.ഐ.) നേതൃത്വത്തിലായിരുന്നു ഇത്. ഈ മാസം 26−ന് നടക്കുന്ന നോ ഹോൺ ഡേയ്ക്ക് മുന്നോടിയായി കൊച്ചിയിലെ ഒന്‍പത് പ്രധാന നിരത്തുകളാണ് പഠന വിധേയമാക്കിയത്.
കൊച്ചിയിലെ ശബ്ദതീവ്രത 105 ഡെസിബൽ വരെയാണെന്ന് കണ്ടെത്തി. നിയമപരമായി അനുവദനീയമായ പരമാവധി ശബ്ദം 65 ഡെസിബലാണ്. ബസിലെമറ്റ് ജീവനക്കാർക്ക് 40 മുതൽ 45 ശതമാനം വരെയും കേൾവിക്കുറവ് ബാധിച്ചിട്ടുണ്ട്. തുടർച്ചയായി 14 മണിക്കൂർ വരെ ജോലി ചെയ്യുന്ന ഡ്രൈവർമാരിലാണ് ഏറ്റവും കൂടുതൽ കേൾവിക്കുറവ്. ഹോൺ ഉപയോഗം പരമാവധി കുറച്ചും മൊബൈൽ ഫോൺ, ഹെഡ് ഫോൺ എന്നിവയുടെ ഉപയോഗം നിയന്ത്രിച്ചും വെടിക്കെട്ടുകൾ പോലുള്ള വലിയ ശബ്ദങ്ങൾ ഒഴിവാക്കിയും കേൾവിക്കുറവ് ഒഴിവാക്കണമെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഡോ. ജ്യോതികുമാരി നിർദ്ദേശിച്ചു. എസ്.സി.എം.എസ്. ഡയറക്ടർ പ്രൊഫ. രാധ പി. തേവന്നൂരിന്റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. പഠനത്തിന്റെ വിശദാംശങ്ങൾ ഉടന്‍ ദേശീയ തലത്തിൽ പ്രസിദ്ധപ്പെടുത്തുമെന്ന് രാധ തേവന്നൂരും ഐ.എം.എ കൊച്ചി പ്രസിഡണ്ട് വർഗീസ് ചെറിയാനും പറഞ്ഞു.