വധശിക്ഷ നൽകിയത് കൊണ്ട് പീഡനം തടയാനാകില്ലെന്ന് തസ്ലീമ നസ്രീൻ
കോഴിക്കോട് : പീഡനത്തിന് വധ ശിക്ഷ നൽകുന്നതിനോട് യോജിപ്പില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. ഹൈലൈറ്റ് മാളിൽ നടന്ന തന്‍റെ പുതിയ പുസ്‌കമായ സ്പ്ലിറ്റ് എ ലൈഫിന്‍റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ.
പീഡിപ്പിക്കപ്പെടുന്നത് ക്രൂരതയാണെന്നും അത് മാനസിക വൈകല്യമാണെന്നും ലൈംഗികത അല്ലെന്നും പുരുഷന്മാരെ പഠിപ്പിക്കണം. സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ചുള്ള ചിന്താഗതിയിൽ മാറ്റം വരുത്തിയാൽ തന്നെ ഇതിന് ഒരുപരിധിവരെ പരിഹാരം കാണാനാകൂ. വധശിക്ഷയെ താൻ ഒരിക്കലും അനുകൂലിക്കുന്നില്ലെന്നും വധശിക്ഷ നൽകിയത്‌കൊണ്ട് മാത്രം പീഡനം തടയാനാകില്ലെന്നും തസ്ലീമ പറഞ്ഞു.
ഇസ്ലാംമതം തീവ്രവാദത്തെയോ മനുഷ്യരെ കൊലപ്പെടുത്തുന്നതിനെയോ അനുകൂലിക്കുന്നില്ല. എന്നാൽ ചിലർ അതിനെ മറയാക്കുന്നു. മതമൗലികവാദം മാനവികതയെ നശിപ്പിക്കും. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടയുന്ന നിയമങ്ങൾ ലോകത്ത് നിന്ന് എടുത്തുകളയണം. ഇല്ലെങ്കിൽ ഓരോ എഴുത്തുകാരനും വ്യക്തിപരമായി സെൻസർ ചെയ്യേണ്ടിവരുമെന്ന് അവർ പറഞ്ഞു.
ഇന്ത്യയിൽ താമസിക്കുന്പോൾ തനിക്ക് സ്വന്തം വീട്ടിൽ താമസിക്കുന്നപോലെയാണ് അനുഭവപ്പെടുന്നത്. എഴുതാന്‍ ഏറ്റവും നല്ല സ്ഥലം ഇന്ത്യയാണന്നും തസ്ലീമ പറഞ്ഞു. സ്പ്ലിറ്റ് എ ലൈഫ് ടി.പി രാജീവൻ പ്രകാശനം ചെയ്തു. എ.കെ. അബ്ദുൽ ഹക്കീം ഏറ്റുവാങ്ങി. ലിജീഷ് കുമാർ പ്രസംഗിച്ചു. ഡിസി ബുക്‌സും പെൻഗ്വിൻ ബുക്‌സും കോഴിക്കോട് സാംസ്‌കാരിക വേദിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
