കർഷകന് വരുമാനം ഉറപ്പാക്കാൻ ശ്രമങ്ങളില്ല : ഡോ. മധുര സ്വാമിനാഥൻ
തൃശ്ശൂർ : രാജ്യത്തെ കൃഷിശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ വേവലാതി പല പ്പോഴും ഉൽപ്പാദന വർദ്ധനയെ കുറിച്ചു മാത്രമാണെന്നും കർഷകനു മതിയായ വരുമാനം ഉറപ്പാക്കുന്നതിനുവേണ്ടി ആത്മാർഥമായ ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർ ഡോ. മധുര സ്വാമിനാഥൻ. കേരള ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം ചാലക്കുടിയിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ.
ചെറുകിട കർഷകരെ പിന്തുണയ്‌ക്കേണ്ടതു രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും അനിവാര്യമാണ്. കാർഷിക രംഗത്തു വലിയ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവർചൂണ്ടിക്കാട്ടി.
കൃഷിയിൽ വൻകിട കർഷകർ ഭീമമായ ലാഭം നേടുന്പോൾ ചെറുകിടക്കാരുടെ കൃഷി മിക്കവാറും നഷ്ടത്തിൽ കലാശിക്കുകയാണ്. നിത്യജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള വരുമാനംപോലും ചെറുകിടക്കാർക്കു ലഭിക്കുന്നില്ലെന്നും ഇതു പരിഹരിക്കാൻ സർക്കാർതല ഇടപെടലുകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും മധുര സ്വാമിനാഥൻ വ്യക്തമാക്കി.
ബി.ഡി.ദേവസി എം.എൽ.എ അദ്ധ്യ ക്ഷത വഹിച്ചു. കേരളത്തിൽ വർഗീയ കലാപങ്ങളുടെ വിത്തുകൾ മുളയ്ക്കാത്തതിൽ പരിഷത്തിന്റെ പ്രവർത്തനം മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് എം.എ മണി അദ്ധ്യക്ഷത വഹിച്ചു.
