സ്കൂളുകളിലും ക്ഷേത്രങ്ങളിലും കവർച്ച: രണ്ട് പേർ അറസ്റ്റിൽ
തലശേരി: സ്കൂളുകളിലും ക്ഷേത്രങ്ങളിലും കവർച്ച ചെയ്ത രണ്ട് പേർ അറസ്റ്റിൽ. കൊയിലാണ്ടിയിൽ ക്ഷേത്രം ഓഫീസ് കവർച്ചക്കിടെ പിടിയിലായ തലശേരി ജൂബിലി റോഡിലെ അണിയാങ്കൊല്ലത്ത് സിദ്ദീഖിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി. ചോദ്യംചെയ്തപ്പോഴാണ് സ്കൂൾ മോഷണത്തിന്റെ ചുരുളഴിഞ്ഞത്. മോഷണ മുതലുകൾ വാങ്ങിയ ആലപ്പുഴ മായിത്തറ കൊച്ചുവേളിയിലെ അരുണി(30)നെയും അറസ്റ്റ് ചെയ്തു.
നാല് ലാപ്ടോപ്, കംപ്യൂട്ടർ, പ്രോജക്ടർ, പ്രിന്റർ ഉൾപ്പെടെയുള്ള സാമഗ്രികൾ പോലീസ് കണ്ടെടുത്തു. കൊയിലാണ്ടിയിലെ ക്ഷേത്രം ഓഫീസ് എന്ന് കരുതി ഉരുളികളും മറ്റ് പാത്രങ്ങളും സൂക്ഷിച്ച മുറിയിൽ കയറിയപ്പോഴാണ് സിദ്ദീഖ് നാട്ടുകാരുടെ പിടിയിലായത്. ചോദ്യംചെയ്യലിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ മോഷണത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. ക്ഷേത്രങ്ങളും സ്കൂളുകളുമാണ് സിദ്ദീഖിന്റെ പ്രധാന മോഷണ കേന്ദ്രങ്ങൾ. എലത്തൂരിലെ ക്ഷേത്രത്തിൽ നിന്ന് മൂന്ന് പവൻ സ്വർണവും വെള്ളിയിൽ തീർത്ത പാന്പിന്റെ പ്രതിമയും ഭണ്ധാരവും കവർന്നതായി സമ്മതിച്ചു. ചോദ്യം ചെയ്യലിനുശേഷം പ്രതികളെ തലശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിമുന്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

