കോഴിക്കോട് ആസ്ഥാനമായി പൊലീസിൽ പുതിയ ബറ്റാലിയന് അംഗീകാരം
കോട്ടയം∙ കേരള പൊലീസിൽ ആറാമത്തെ ബറ്റാലിയൻ തുടങ്ങാൻ തത്വത്തിൽ സർക്കാരിന്റെ അംഗീകാരം. കോഴിക്കോട് കിനാലൂർ ആസ്ഥാനമായാണു പുതിയ ബറ്റാലിയൻ. ഇതുസംബന്ധിച്ച ഫയലുകൾ ഡിജിപി പരിശോധിച്ച് അന്തിമനടപടികൾക്കായി ആഭ്യന്തരവകുപ്പിനു കൈമാറി. ഇത് മൂലം പുതിയ ആയിരത്തിലധികം തസ്തികകൾ സൃഷ്ടിക്കും. പൊലീസിന്റെ അംഗബലം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.
കേരളത്തിലെ ജനസംഖ്യാനുപാതവും ജോലിക്കൂടുതലും പരിഗണിച്ചാൽ നിലവിൽ 15,000 പേരുടെ കുറവാണ് കേരള പൊലീസിലുള്ളത്. കെഎപി ആറാം ബറ്റാലിയൻ സംബന്ധിച്ച ഉത്തരവു പുറത്തിറങ്ങുന്നതോടെ ആയിരം പേരെ പൊലീസിൽ പുതുതായി റിക്രൂട്ട് ചെയ്യാനാകും. നിലവിൽ മലപ്പുറം എംഎസ്പിയാണ് മലബാർ മേഖലയിൽ റിക്രൂട്ടിങ് നടത്തുന്നതും ഇൗ മേഖലയിൽ ആവശ്യമെങ്കിൽ പൊലീസിനെ വിന്യസിക്കുന്നതും. ഇടുക്കി (കുട്ടിക്കാനം), കണ്ണൂർ (മണ്ണാട്ടുപറമ്പ്), പാലക്കാട് (മുട്ടിക്കുളങ്ങര), പത്തനംതിട്ട (അടൂർ), തൃശൂർ എന്നിവിടങ്ങളാണ് കെഎപിയുടെ നിലവിലുള്ള അഞ്ച് ബറ്റാലിയനുകൾ.
കൂടാതെ സംസ്ഥാനത്തെ വനിതാ പൊലീസ് ബറ്റാലിയനു വേണ്ടി 850 വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനം പൂർത്തിയാകുകയാണ്. ഇവർ ബറ്റാലിയന്റെ ഭാഗമാകുന്നതോടെ വനിതാ പൊലീസുകാരുടെ ഡ്യൂട്ടി ഭാരം കുറയും. ഇപ്പോൾ ക്ഷേത്രങ്ങളുടെ ഉൽസവത്തിനും മറ്റും അധികമായി വനിതാ പൊലീസുകാരെ നിയോഗിക്കുന്നത് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽനിന്നും പിൻവലിച്ചാണ്. വനിതാ ബറ്റാലിയന്റെ ആൾബലം കൂടുന്നതോടെ ഇത്തരം സ്പെഷൽ ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കാം.

