കരിപ്പൂർ എയർപോർട്ട് ഇടത്തരം വിമാനങ്ങളുടെ സർവ്‍വീസിന് സന്നദ്ധമെന്ന് സുരക്ഷാ റിപ്പോർട്ട്
കോഴിക്കോട് : കരിപ്പൂരിൽ നിന്ന് ഇടത്തരം വിമാനങ്ങൾ സർവ്‍വീസ് നടത്തുന്നതിന് സന്നദ്ധമെന്ന് കാട്ടി വിമാനത്താവളം അധികൃതരുടെ സുരക്ഷാ റിപ്പോർട്ട് ഡൽഹിയിലെ എയർപോർട്ട് അതോറിറ്റിക്ക് കൈമാറി. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ കരിപ്പൂർവിമാനത്താവളത്തിന് പുത്തൻ പ്രതീക്ഷകളാണ് വിമാനത്താവളം അധികൃതരുടെ സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ടിലൂടെ കൈവരുന്നത്.
ഇടത്തരം വിമാനങ്ങളുടെ സർവ്‍വീസിന് പൂർണ്ണമായും കരിപ്പൂർ എയർപോർട്ട് സന്നദ്ധമാണെന്ന റിപ്പോർട്ടാണ് ഡൽഹിയിലെ എയർപോർട്ട് അതോറിറ്റിക്ക് കോഴിക്കോട് വിമാനത്താവളം അധികൃതർ കൈമാറിയിട്ടുള്ളത്. ഡി.ജി.സി.എയുടെ നിർദ്ദേശാനുസരണം കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് യോഗം ചേർന്നിരുന്നു. തുടർന്ന് തയ്യാറാക്കിയതാണ് വിശദമായ പരിശോധന റിപ്പേർട്ട്.
ഇതിന് മുന്‍പ് സുരക്ഷാ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഡി.ജി.സി.എ വീണ്ടും വിശദീകരണങ്ങൾ ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി യോഗം ചേർന്നത്. വിമാനക്കന്പനികളുടെ ഭാഗത്ത് നിന്ന് സൗദി എയർലൈൻസ് മാത്രമാണ് പങ്കെടുത്തത്. ഇവർ കോഴിക്കോട് നിലവിലുള്ള സൗകര്യങ്ങളിൽ സർവ്വീസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജൂൺ 15ന് നവീകരണം പൂർത്തിയാകുന്നതോടെ ഇടത്തരം വലിയ വിമാനങ്ങൾ കരിപ്പൂരിൽ സർവ്‍വീസിന് എത്തിയേക്കും.

