28 ലഹരി ആംപ്യൂളുകളുമായി ടാറ്റൂ കലാകാരൻ പിടിയിൽ
തൃശ്ശൂർ: ടാറ്റൂ വരയ്ക്കൽ വിദഗ്ധനായ കോയന്പത്തൂർ സ്വദേശി അതിമാരക ലഹരി ആംപ്യൂളുകളുമായി പിടിയിൽ. ഉക്കടം സ്വദേശി വിജയ് (21) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പച്ചകുത്തലിന്റെ വേദന ഒഴിവാക്കാൻ ഈ ലഹരിവസ്തു കുത്തിവയ്ക്കാറുണ്ടെന്ന് ഇയാൾ പറഞ്ഞു.
140,000 രൂപ വിലവരുന്ന 28 ആംപ്യൂളുകൾ ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. പ്രസവവേദന കുറയ്ക്കാൻ ഗർഭിണികളിൽ പ്രയോഗിക്കാരുള്ള ഈ മരുന്ന് അളവ് അൽപം തെറ്റിയാൽ ജീവഹാനിക്ക് ഇടയാക്കുന്ന വിധം മാരകശക്തിയുള്ളതാണെന്ന് ഡപ്യൂട്ടി കമ്മിഷണർ ടി.വി റാഫേൽ പറഞ്ഞു. കഴിഞ്ഞമാസം തൃശൂരിൽ നിന്ന് എൽ.എസ്.ഡി സ്റ്റാംപുകളുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിജയ് എന്ന മൊത്തവിതരണക്കാരനെക്കുറിച്ചു വിവരം ലഭിച്ചത്. എച്ച് 1 ഇനത്തിൽപ്പെടുന്ന ഈ ആംപ്യൂളുകൾ ബെംഗളൂരുവിൽ നിന്നാണ് ലഭിക്കുന്നതെന്ന് വിജയ് എക്സൈസിനോട് പറഞ്ഞു.

