കോൺഗ്രസ് ബന്ധം : യെച്ചൂരിയെ പിന്തുണച്ച് വി.എസ്
തിരുവനന്തപുരം : ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസ് അടക്കമുള്ള മതേതര −ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നത് സംബന്ധിച്ച തർക്കം സി.പി.എമ്മിൽ രൂക്ഷമായി തുടരവെ, കോൺഗ്രസുമായി തിരഞ്ഞെടുപ്പു സഖ്യമാകാമെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് മുതിർന്ന നേതാവും ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍റെ പിന്തുണ.
ബി.ജെ.പിയെ ചെറുക്കാൻ മതേതര കക്ഷികളുമായി സഖ്യം വേണമെന്നാവശ്യപ്പെട്ട വി.സ് കോൺഗ്രസ് മതേതര സോഷ്യലിസ്റ്റ് പാർട്ടിയാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും വി.എസ് കത്തിൽ പറയുന്നു.
നേരത്തെ, കോൺഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരി അവതരിപ്പിച്ച കരട് രേഖ പി.ബി പാടെ തള്ളിയിരുന്നു. കോൺഗ്രസുമായി രാഷ്ട്രീയ ധാരണ പോലും പാടില്ലെന്നാണ് ഡിസംബറിൽ ചേർന്ന പി.ബിയിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നത്. പ്രകാശ് കാരാട്ടിന്‍റെ ബദൽ രേഖയ്ക്കാണ് അന്ന് പി.ബിയിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചത്. ഇതേത്തുടർന്ന് കാരാട്ട് മുന്നോട്ടുവെച്ച രേഖ പി.ബി രേഖയായി കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കാനിരിക്കെയാണ് വി.എസ് കേന്ദ്രക്കമ്മിറ്റിക്ക് കത്തയച്ചത്.

