കൃ­ഷി­യി­ടങ്ങളിൽ തൊ­ഴി­ലാ­ളി­ ക്ഷാ­മം : അപ്പർകു­ട്ടനാ­ട്ടിൽ നി­ലമൊ­രു­ക്കൽ‍ വൈ­കു­ന്നു­


തിരുവല്ല : അപ്പർകുട്ടനാട്ടിലെ നെൽകൃഷി മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. തൊഴിലാളി ക്ഷാമം മൂലം കൃഷി നടപടികൾ താമസിക്കുകയാണ്. നിരണം, കടപ്ര, പെരിങ്ങര, നെടു ബ്രം, തലവടി തുടങ്ങിയ പഞ്ചായത്തുകളിൽ എല്ലാം തന്നെ തൊഴിലാളികളെ കിട്ടാനില്ല. നെൽകൃഷിക്ക് പാടം ഒരുക്കുന്നതും വിതക്കുന്നതും സ്ത്രീ പുരുഷ തൊഴിലാളികളാണ്. വരന്പ് കുത്തുന്നതുപോലെയുള്ള ജോലികൾ ചെയ്യാൻ പുരുഷ തൊഴിലാളികളെയാണ് വേണ്ടത്. എന്നാൽ പാടം ഒരുക്കുന്നതാകട്ടെ സ്ത്രീ തൊഴിലാളികളുമാണ്. കൊയ്ത്തിന് മാത്രമാണ് കുട്ടനാട്ടിൽ യന്ത്രം ഉപയോഗിക്കുന്നത്. മുൻ കാലത്തെ പോലെ പാടം ഒരുക്കലും വിതയും കളപറിക്കലും എല്ലാം മനുഷ്യ ശക്തിയാണ് ഉപയോഗിച്ചാണ് ഇപ്പോഴും ചെയ്യുന്നത്.

തൊഴിലാളികളില്ലെങ്കിൽ ഈ മേഖല സ്തംഭിക്കുന്ന അവസ്ഥയിലാണ്. പുത്തൻ തലമുറ കാർഷിക മേഖലയിൽനിന്നകന്നതും എല്ലായിടത്തും ഒരേ സമയത്ത് കൃഷിയാരംഭിച്ചതുമാണ് തൊഴിലാളികളെ കിട്ടുവാൻ പ്രയാസമായതെന്നു കർഷകർ പറയുന്നു.

മറ്റ് തൊഴിലുകളെ അപേക്ഷിച്ചു കാർഷിക മേഖലയിലെ വേതനം കുറവായത് തൊഴിലാളികളെ മറ്റ് മേഖലയിലേക്ക് നയിക്കുകയാണ്. ഇവർ തൊഴിലുറപ്പ് മേഖലയിലേക്ക് മാറിയതാണ് ഏറ്റവും പ്രശ്‌നമായത്. നെൽകൃഷിയുമായി ബന്ധപ്പെട്ട ജോലികളും തൊഴിലുറപ്പ് പദ്ധതിയിൽ‍ ഉൾപ്പെടുത്തിയാൽ ഈ പ്രശ്‌നം പരിഹരിക്കുവാൻകഴിയുമെന്നാണ് കർഷകർ പറയുന്നത്. സ്ത്രീ തൊഴിലാളികൾ‍ക്ക് 350 രൂപയും പുരുഷതൊഴിലാളികൾക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വേതനം. എന്നാൽ ഇതിൽ കൂടുതലാണ് കർഷകർ നൽകുന്നത്.

തൊഴിലാളികൾക്ക് ഭക്ഷണവും കർഷകർ നൽ‍കുന്നുണ്ട്. എന്നിട്ടും തൊഴിലാളികളെ കിട്ടാനില്ല ഇടയോടി ചെന്പ്, ഇരതോട്, അരിയോടിച്ചാൽ‍, ചേന്നങ്കരി, അയ്യങ്കോനാരി, നിരണത്തു തടം, തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷിപ്പണികൾ തൊഴിലാളി ക്ഷാമം മൂലം തടസ്സപ്പെട്ടിരിക്കയാണ്. കർഷക തൊഴിലാളികളിൽ നല്ലൊരു ഭാഗം പാട്ടത്തിന് കൃഷി ചെയ്യുകയാണ്. ഇവർ മറ്റ് കർഷകർക്ക് വേണ്ടി ജോലിക്ക് പോകാത്തതും തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നു. കാർഷിക മേഖലയിലേക്ക് ജനങ്ങളെ കൂടുതലടുപ്പിക്കുവാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ അപ്പർകുട്ടനാട്ടിലെ നെൽകൃഷി കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed