കുട്ടികളെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ വീട്ടിലെ വണ്ടി വിറ്റേക്ക്; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി.പി ജോൺ
ഷീബ വിജയൻ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവങ്ങളിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കളാണ് ഉത്തരവാദികളെന്നും കുട്ടികൾക്ക് വാഹനത്തിന്റെ താക്കോൽ കൈമാറരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കണമെന്നും അവരുടെ വീട്ടിൽ വാഹനം വേണ്ടെന്നുമാണ് മന്ത്രിയുടെ പരാമർശം.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച സംഭവങ്ങളിൽ ഉന്നതരായ വ്യക്തികളുടെ പേരിൽ പോലും കേസെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി സി.പി ജോൺ പറഞ്ഞു. 16, 17 വയസ്സുള്ള കുട്ടികൾക്ക് ഉപദേശം നൽകിയതുകൊണ്ട് വലിയ കാര്യമുണ്ടാകുമെന്ന് കരുതുന്നില്ല. രക്ഷിതാക്കളുടെ വാഹനങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകാതിരിക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണങ്ങളിലൊന്ന് കാലഹരണപ്പെട്ട സമയക്രമമാണെന്ന് ഗതാഗതമന്ത്രി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകൾ പഴക്കമുള്ള സമയക്രമത്തിലാണ് സ്വകാര്യ ബസുകൾ ഇപ്പോഴും സർവീസ് നടത്തുന്നത്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ടര മിനിറ്റ് മതിയെന്നാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ എറണാകുളം, കണ്ണൂർ തുടങ്ങിയ നഗരങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം ഈ സമയത്തിനുള്ളിൽ ബസുകൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല. നിശ്ചിത സമയത്തിനുള്ളിൽ എത്താനായില്ലെങ്കിൽ നടപടികൾ നേരിടേണ്ടിവരുന്നതും മത്സരയോട്ടത്തിന് കാരണമാകുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഈ സാഹചര്യം പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഗതാഗതമന്ത്രി എന്ന നിലയിൽ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കണ്ണൂരിൽ ആർ.ടി.ഒയുടെ യോഗത്തിൽ പീക്ക് ടൈം, നോൺ പീക്ക് ടൈം എന്നിവ പരിഗണിച്ച് ബസുകൾക്ക് ഫ്ലെക്സി ടൈം അനുവദിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
efsdvdfsds

