ഐ.വൈ.സി.സി ‘ദിശ 2017’ നിശാ ക്യാന്പ് ഇന്ന് : അഡ്വ. എസ് ശരത്ത് മുഖ്യാതിഥി
മനാമ : ബഹ്റൈൻ ഐ.വൈ.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദിശാ 2017 നിശാ ക്യാന്പ് ഇന്ന് രാത്രി ഏഴ് മണി മുതൽ ഹമദ് ടൗണിൽ ആരംഭിക്കും. ക്യാന്പ് എൻ.എസ്.യു മുൻ ദേശീയ സെക്രട്ടറി അഡ്വ. എസ് ശരത്ത് ഉദ്ഘാടനം ചെയ്യും. ഐ.വൈ.സി.സി ബഹ്റൈൻ അഞ്ച് വർഷം പൂർത്തിയാക്കിയ അവസരത്തിലാണ് ഇത്തരം ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.വൈ.സി.സിയുടെ 64 അംഗ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒന്പത് ഏരിയ കമ്മിറ്റി ഭാരവാഹികളും അടക്കം നൂറോളം പ്രവർത്തകരും ക്യാന്പിൽ സംബന്ധിക്കും. വിൻസു കൂത്തപ്പളളിയുടെ നേതൃത്വത്തിൽ ബ്ലെസ്സൻ മാത്യൂ, ഷഫീക്ക് കൊല്ലം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ക്യാന്പിന് നേതൃത്വം നൽകുന്നത്,
ഇന്ന് രാത്രി ഏഴ് മണി മുതൽ വെളളിയാഴ്ച ഉച്ചക്ക് 1.30 വരെയാണ് ക്യാന്പ്. അഞ്ച് സെക്ഷനുകളിലായി വിവിധ രംഗങ്ങളിലെ പ്രതിഭകൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. 7.30ന് ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റത്തിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം എസ്. ശരത്ത് ഉദ്ഘാടനം ചെയ്യും, തുടർന്ന് 9.30ന് ‘ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്ന ഫാസിസം’ എന്ന വിഷയത്തിൽ അഡ്വ. എസ് ശരത്ത് ക്ലാസിന് നേതൃത്വം നൽകും. 11 മണിക്ക് ഐ.വൈ.സി.സി ചരിത്രത്തിലൂടെ എന്ന വിഷയത്തിൽ ഐ.വൈ.സി.സി സ്ഥാപക പ്രസിഡണ്ട് അജ്മൽ ചാലിൽ ക്ലാസ് നയിക്കും. തുടർന്ന് ക്യാന്പ് പ്രതിനിധികളുടെ കലാപരിപാടികൾ അരങ്ങേറും.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് യോഗാ ക്ലാസ്സിന് ആർട് ഓഫ് ലിവിംഗ് പ്രതിനിധി ശ്രീനിവാസൻ നേതൃത്വം നൽകും. 9.30ന് ‘മാധ്യമങ്ങളും സംസ്കാരവും’ എന്ന വിഷയത്തിൽ ഗൾഫ് മാധ്യമം പ്രതിനിധി ഷെറിൻ ക്ലാസ് നയിക്കും. 10.30ന് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ കൗൺസിലർ ലത്തീഫ് കോലിക്കൽ നേതൃത്വം നൽകും. 1.30ന് സമാപന സമ്മേളനത്തോട് കൂടി ക്യാന്പ് അവസാനിക്കും.

