പത്തനാപുരത്ത് സ്‌കൂൾ ബസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
പത്തനാപുരം : ഗാന്ധിഭവന്റെ ഉടമസ്ഥതയിലുള്ള സ്‌കൂൾ ബസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഗാന്ധിഭവൻ സ്പെഷ്യൽ സ്‌കൂളിലെ അധ്യാപികമാരായ ലക്ഷ്മി, സൗമ്യ, ശ്രീദേവി, ഉഷ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ കവലയിൽ ക്ഷേത്രത്തിന് സമീപത്താണ് അപകടം.
എതിരെ വന്ന ഇരുചക്രവാഹനത്തിന് സൈയ്ഡ് കൊടുക്കുന്നതിനിടെ റോഡ് വശത്ത് കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിൽ ഇടിച്ച്, നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഇരുപതോളം അധ്യാപകർ ബസ്സിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വിദ്യാർത്ഥികൾകളെ വീടുകളിൽ എത്തിച്ച ശേഷം തിരികെ വരുന്പോഴാണ് അപകടം. ബസ്സിൽ കുട്ടികൾ ഇല്ലാതിരുന്നതും റോഡിന്റെ വലതു വശത്തുള്ള കല്ലടയാറ്റിലേക്ക് മറിയാതിരുന്നതും വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ അധ്യാപകർ പത്തനാപുരത്തേയും പുനലൂരിലേയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

