സർക്കാരിനെതിരെ വീണ്ടും അടൂർ പ്രകാശ്; യുഡിഎഫ് യോഗം ചേരാത്തതിൽ ചെയർമാനോട് ചോദിക്കണമെന്ന് തുറന്നടിച്ച് കൺവീനർ
ഷീബ വിജയൻ
തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനത്തിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കൂട്ടുത്തരവാദിത്തം ഉണ്ടെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും പരിഹസിച്ചു. സർക്കാരിന്റെ പ്രവർത്തനത്തിൽ മന്ത്രിമാർക്ക് അതൃപ്തിയുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും യുഡിഎഫ് കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാർക്ക് അതൃപ്തിയുണ്ടോയെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അവർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സംപ്രേഷണം ചെയ്യാമെന്നും അതല്ലാതെ അതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ താൻ ഒരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ അടൂർ പ്രകാശ്, ചില അഭിപ്രായങ്ങൾ തുറന്നു പറയുക മാത്രമാണ് ചെയ്തതെന്നും അവസരം ലഭ്യമായപ്പോൾ പറഞ്ഞ ആ അഭിപ്രായങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണെന്നും വ്യക്തമാക്കി. യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഇപ്പോഴത്തെ ഭരണത്തിൽ തൃപ്തനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതൊക്കെ ഇപ്പോൾ പറയേണ്ട കാര്യമല്ലല്ലോ എന്നും കാര്യങ്ങൾ തുടങ്ങിയതല്ലേ ഉള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു. കാര്യങ്ങളൊക്കെ പുറത്തേക്ക് വരട്ടെയെന്നും യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടെന്ന് യുഡിഎഫ് ചെയർമാനോട് ചോദിക്കണമെന്നും മുഖ്യമന്ത്രിയുടെ പേരു പറയാതെ അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
fggfgfgf

