വളർത്തു നായ്ക്കൾക്ക് ലൈസൻസ് കർശനമാക്കി
തിരുവനന്തപുരം : വളർത്തു നായ്ക്കളുടെ ലൈസൻസും അവയ്ക്കുള്ള വാക്സിനേഷനും നിർബന്ധമാക്കാൻ നഗരസഭ തീരുമാനം. ഇക്കഴിഞ്ഞ ജൂൺ 21ന് ലൈസൻസിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പദ്ധതി കൂടുതൽ ഊർജിതമായി നടപ്പിലാക്കാനാണ് നഗരസഭയുടെ തീരുമാനം. ആർ.എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ഡിസംബർ 24 വരെ പ്രത്യേക പ്രചാരണം സംഘടിപ്പിക്കുന്നതിനും മേയർ വി.കെ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗം തീരുമാനിച്ചു.
നഗരപരിധിയിലെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കർമപദ്ധതിക്കും രൂപം നൽകി. ആർ.എ.ബി.സി പദ്ധതി വഴി വാക്സിനേഷൻ നടത്തിയിട്ടുള്ളതും ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതുമായ നായ്ക്കളുടെ കണക്ക് വെറ്ററിനറി സർജന്മാർ യോഗത്തിൽ അവതരിപ്പിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ശ്രീകുമാർ, സെക്രട്ടറി എൽ.എസ് ദീപ, ഹെൽത്ത് ഓഫീസർമാർ വെറ്ററിനറി സർജന്മാർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


